Wednesday, September 9, 2009

ഉപദേശം ....എനിക്ക് കിട്ടിയ ഒരു ഉപദേശമാണ് 'ആണ്‍കുട്ടികള്‍ കരയരുത്. ' ഈ ഉപദേശം ആദ്യം കിട്ടിയ സമയം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കുഞ്ഞുനാളില്‍ മൂത്രം കൊണ്ട് ചിത്രം വരക്കുമായിരുന്നു വട്ടത്തിലുള്ള ചിത്രങ്ങളായിരുന്നു വരച്ചതിലേറയും മൂത്രതുള്ളികള്‍ പൊടിമണ്ണില്‍ ചിത്രങ്ങളായി വിരിയുമ്പോള്‍ ഒരു രസം . ഇങ്ങനെ മൂത്രമൊഴിച്ചാല്‍ നിന്‍റെ 'കുഞ്ഞാണി ' ഞാന്‍ ചെത്തി കളയുമെന്ന് പറഞ്ഞു ഉപ്പ മുണ്ട് മടക്കികുത്തി പഴയ സിനിമയിലെ വില്ലന്മാരെ പോലെ എന്നെ പിടിക്കാന്‍ വരും.എന്നും ഓടി രക്ഷപെടാറുള്ള ഞാന്‍ ഉപ്പയുടെ കൈകളില്‍ കുടുങ്ങി ചെറിയ വടികൊണ്ട് വലിയ തല്ലുകള്‍ കിട്ടി തല്ലുമ്പോള്‍ ഉപ്പ പറയുമായിരുന്നു 'ഇനി നീ ഇങ്ങനെ മൂത്രമോഴികരുത്'
തല്ലുകള്‍ കിട്ടി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഉമ്മയുടെ അടുത്തേക്ക്‌ ചെന്നപ്പോള്‍ ചില്ല് ഭരണിയില്‍ നിന്ന് കടുമാങ്ങ എടുത്ത് തന്നു പറഞ്ഞു ."ന്‍റെ കുട്ടി കരയണ്ട ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല ...!"കടുമാങ്ങ വായേക്ക് വെക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു 'ഉമ്മ എന്‍റെ ചിത്രം കണ്ടോ ...?'ഉത്തരം ഒരു ചെറു ചിരിയായിരുന്നു.


ഉപ്പയുടെ വിരലില്‍ പിടിച്ച്‌ സ്കൂളില്‍ പോകുമ്പോള്‍. വഴി വക്കില്‍ പ്രിയ ഉണ്ടാകും അമ്മയുടെ കൂടെ .. അമ്മയാണ് അവള്‍ക്കെല്ലാം...പ്രിയയാണ് എന്‍റെ ഏക കളികൂട്ടുകരിയും . കീറിയ ഉടുപ്പുകള്‍ ധരിച്ചാണ് പ്രിയ സ്കൂളില്‍ വന്നിരുന്നത്. എന്‍റെ പുതിയ കുപ്പായം പ്രിയക്ക്‌ കൊടുത്തപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ച് പറഞ്ഞു 'ഇതെനിക്ക്‌ വേണ്ട ഇത് ആണ്‍കുട്ടികള്‍ ഇടുന്നതാണ്' അവളുടെ ചിരിക്കേട്ടു ആരോ . പറയുനുണ്ടായിരുന്നു പെണ്‍കുട്ടികള്‍ ഉറക്കെ ചിരിക്കാന്‍ പാടില്ല ....' കുന്നിക്കുരുകള്‍ എണ്ണി നോക്കുന്ന അവള്‍ അത് കേട്ടോ ...?ആ.. ആര്‍ക്കറിയാം ...


സ്നേഹത്തില്‍ പൊതിഞ്ഞു കളികൂടുകരിക്ക് നല്‍കിയ ...ഉച്ച കഞ്ഞി പാത്രം. ഉച്ച കഞ്ഞി പാത്രം കാണാതായപ്പോള്‍ ഉമ്മയുടെ തല്ലുകൊണ്ട് കരഞ്ഞിരിക്കുമ്പോള്‍ ...പുതിയ പന്ത് തന്നു ഉപ്പയും പറഞ്ഞു 'ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല ...!' ഉച്ച കഞ്ഞി പാത്രം കാണാതായപ്പോള്‍ അമ്മ തന്ന അടിയുടെ പാടുകള്‍ ഇന്നില്ല ഇന്നുള്ളത് ... ഉച്ച കഞ്ഞി പാത്രം നല്‍കിയപ്പോള്‍ ഞാന്‍ കണ്ട ...എന്‍റെ കളികൂടുകാരിയുടെ ചിരിക്കുന്ന വദനം മാത്രം .രാജന്‍ മാഷ് സമ്മാനമായി തന്ന കടലാസ് പെന്‍സില്‍ അവള്‍ക്ക്‌ കൊടുത്തപോള്‍..അവള്‍ തന്നത് വാടിയ കണ്ണി മാങ്ങയാണ്‌ ...ഇതിന്‍റെ രുചിയാണ് ഇന്നും എന്‍റെ നാവിന്‍ തുമ്പില്‍ ....

ജീവിത ചക്രം പിന്നെയും ഒരുപാട് തിരിഞ്ഞു കാലം പല ഓര്‍മകളെയും മായിച്ചു കളഞ്ഞു .ചെറുതായി മഴ പെയ്യുന്ന ഇന്നലയുടെ രാത്രിയില്‍ ഭാര്യയെ പുണര്‍ന്നു കിടക്കവേ അവള്‍ മന്ത്രിച്ചു.'നിങ്ങളാണ് എന്‍റെ എല്ലാം ഇക്കാക്ക്‌ വേണ്ടിയാണു ഞാന്‍ ജീവിക്കുന്നത് '.പുലര്‍ച്ചയില്‍ ചെറിയ കുട്ടിയെ എന്‍റെ അടുത്ത് കിടത്തി ഭര്യ കാമുകനോടപ്പം പോയപ്പോള്‍ അവള്‍ ഒരു തുണ്ട് കടലാസ്സില്‍ എനിക്കായ്‌ എഴുതി വെച്ചു. 'കുട്ടിയെ നോക്കണമെന്നും ,ആണുങ്ങള്‍ കരയരുതെന്നും .....'

Monday, August 31, 2009

മഴവില്ല് പോലെയൊരു പ്രണയം ..


അന്നാദ്യമായി സെന്‍റ് ജോസഫ്‌ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ പടി കയറുമ്പോള്‍ കൂട്ടിനായുണ്ടയിരുന്നത് ഇത്തിരി വേദനകളും അതിലേറെ പ്രതീക്ഷകളുമായിരുന്നു. അന്ന് കറുത്ത ബോര്‍ഡും ഹോളോബ്രിക്സ് കൊണ്ടുള്ള വെളുത്ത ചുമരുകളും എന്നെ തുറിച്ചു നോക്കുന്നത് പോലെ എനിക്ക് തോന്നി ആദ്യത്തെ ഒരാഴ്ച്ച തികച്ചും ഏകനായിരുന്നു .അപ്പോഴെല്ലാം ഇത്തിരി കുളിരു പകരാനെത്തിയത് മഴയായിരുന്നു. മിക്കപ്പോഴും പകുതി മാത്രം തുറന്നുകിടക്കുന്ന ആ ജനല്‍ പാളികള്‍ക്കിടയിലൂടെ ആ മഴയെ ഞാന്‍ നോക്കിയിരുന്നു .എന്തൊക്കെയോ പറയാന്‍ വെമ്പുന്ന ഒരു സഹയാത്രികനായി എനിക്കന്നു തോന്നി.പിന്നീടെപ്പോഴോ. ആ മ്പൗഹൃദം നിലച്ചു.

വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാവി കൂട്ടുകാര്‍ അതിനിടയില്‍ കയറിവരുന്ന പുതിയ കൂട്ടുകാര്‍ക്ക്‌
സ്വാഗതമോതുന്ന രൂപങ്ങള്‍ എല്ലാം എനിക്ക് ദൃശ്യമായിരുന്നു എങ്കിലും ഞാന്‍ ഏകനാണ് എന്നാ ചിന്ത മാത്രമായിരുന്നു മനസ്സില്‍ അങ്ങനെ എന്നെ തഴുകിക്കടന്നുപോയ ഏതോ ഒരു നിമിഷത്തില്‍ അപരിചിതമായ
ആ മുഖങ്ങള്‍ക്കിടയില്‍നിന്നും ഒരു മുഖം മാത്രം ഞാന്‍ ഓര്‍ത്തെടുത്തു പണ്ടെങ്ങോ ഞാന്‍ കണ്ട സ്വപ്നത്തിലെ
എന്‍റെ മാലാഖ. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, പറയാന്‍ ഒന്നടുത്തു ചെല്ലാന്‍ പോലും
എനിക്കായില്ല . എന്തെന്നറിയില്ല ഞാനപ്പോള്‍ തികച്ചും നിശ്ചലനായിരുന്നു .

ഇടക്കെപ്പോഴോ ക്ലാസ്സിലേക്ക് വൈകിവന്ന ഒരു ദിവസമാണ്‌ അവള്‍ എന്നോട് ചിരിച്ചത്.ക്ലാസ്സിലേക്ക് നടന്നു
പോകുന്നതിനിടയില്‍ അവളെന്നോട് ചോദിച്ചു. 'എന്താ പേര് ?....' 'സക്കറിയ '...'ക്രിസ്ത്യനാണല്ലേ....'അല്ല'
ആ സംസാരം അവിടെ നിലച്ചു. അന്നവള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചതു മുഴുവന്‍ അവളുടെ
കണ്ണുകളിലായിരുന്നു. പണ്ടെങ്ങോ എന്‍റെ ടീച്ചറമ്മ എനിക്ക് സമ്മാനിച്ച സ്വര്‍ണമുടിയുള്ള ആ പാവകുട്ടിയുടെ
സദാ ഇമവെട്ടിക്കൊണ്ടരിക്കുന്ന കണ്ണുകളാണോ അത് ? അറയില്ല.എങ്കിലും അതെനി ക്കൊരുപാടിഷ്ടമായി.
പിന്നീടെപ്പോഴും അവള്‍ കാണാതെ ഞാനാ കണ്ണുകളെ ശ്രദ്ധിച്ചു. ആ നക്ഷത്രകണ്ണുകള്‍ കണാനായി മാത്രമായിരുന്നു പ്ന്നീടോരോ ദിവസവും ഞാന്‍ ക്ലാസ്സില്‍ വന്നത്.

ഇരുട്ടില്‍ വഴിതെറ്റിയലയുമ്പോള്‍ എനിക്ക് വഴ‌ികാട്ടിയായി ഉദിച്ചുയര്‍ന്നതായിരുന്നു.അവള്‍ ഏതോ ഒരു നല്ല
സൗഹൃദ സംഭാഷണത്തിനിടയില്‍ അവള്‍ ഒരു കാര്യം പറഞ്ഞു.ഞാന്‍ ഓരോ നിമിഷത്തിലും കാതോര്‍ത്തിരുന്ന
അവളോടായി മാത്രം മനസ്സില്‍ കോറിയിട്ട മൂന്ന് വാക്കുകള്‍ അതവള്‍ കൂട്ടിവായിച്ച് തിരിച്ചെന്നോട് തന്നെ പറഞ്ഞു. ഐ....ലൗ....യൂ....അമ്പരപ്പോടെ വായും പൊളിച്ചിരുന്ന എന്നെ നോക്കി അവള്‍ അത് തന്നെ ആവര്‍ത്തിച്ചു. ഇത്തിരി വെള്ളത്തിനായി കൊതിച്ചപ്പോള്‍ ഒരു കടലോളം വെള്ളം കിട്ടിയവന്‍റെ സന്തോഷം ഞാനന്ന് ഒറ്റക്കനുഭവിച്ചു. പിന്നെടെപ്പോഴും ഞാന്‍ സംസാരിച്ചത് അവളോട്‌ മാത്രം. ഞാന്‍ എഴുതിയത് അവളെ കുറിച്ച് മാത്രം. ഞാന്‍ വരച്ചത് അവളുടെ കണ്ണുകളെ മാത്രം.ഒത്തിരി നേരം സംസാരിക്കുമ്പോള്‍ ആ നീല കണ്ണുകളില്‍ ഒരു പാട് ദുഃഖങ്ങള്‍ ഞാന്‍ കണ്ടു.ഇത്തിരി പോന്ന എന്‍റെ ദുഃഖങ്ങളെ അവള്‍ പരിഹാസത്തോടെ തള്ളികളഞ്ഞു. അവള്‍ പറഞ്ഞ അവളുടെ ദുഃഖങ്ങളെ എന്‍റെയും കൂടിയാക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ ദുഃഖഭാരം ഇത്തിരിയെങ്കിലും കുറഞ്ഞിട്ടുണ്ടാവുമോ? അതിന്നും എനിക്കറിയില്ല വാ തോരാതെയുള്ള എന്‍റെ സംസാരം ചിലപ്പോള്‍ അവളെ ആലോസരപ്പെടുത്തിയിരിക്കാം എങ്കിലും അവളതൊരിക്കലും പ്രകടിപ്പിച്ചില്ല.എല്ലാവരും വിവേക്‌ ഒബ്റോയ് യുടെയും ഐശ്വര്യാറായ് യുടെയും പ്രണയത്തെ കുറിച്ചും ബിപാഷെയുടെ പുതിയ പടത്തെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഞങ്ങള്‍ പുതുമഴയെക്കുറിച്ചും കുളിര്‍ക്കാറ്റിനെക്കുറിച്ചും സംസാരിച്ചു. അപ്പോഴും ഞാന്‍ ശ്രദ്ധിച്ചത് അവളുടെ കണ്ണുകളിലെ ആ തിളക്കമായിരുന്നു. പക്ഷേ അവളുടെ കണ്ണുകള്‍ക്ക്‌ തിളക്കം കൂട്ടിയത് അവളുടെ ദുഃഖങ്ങളാണെന്ന് മാത്രം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

നന്ദന്‍ സാറിന്‍റെ ക്ലാസ് ചെക്കിങ്ങിനിടയിലും, ശിബില്‍ സാറിന്‍റെ വാന നിരീക്ഷണത്തിനിടയിലും വീണട്ടീച്ചറുടെയും ജമീലടീച്ചറുടെയും 'ലൗകോര്‍ണര്‍' സന്ദര്‍ശനത്തിനിടയിലും ഞങ്ങള്‍ ഞങ്ങളുടേതായ സമയം കണ്ടത്തി. കൂരിരുട്ടില്‍ ഭ്രാന്തിയെപ്പോലെ മുടിയഴിച്ചു തുള്ളുകയും ഇടക്ക് പ്രകാശത്തിന്‍റെ മിന്നലുതിര്‍ക്കുകയും ചെയ്യുന്ന രാത്രിമഴയില്‍ ജാലകത്തിന്‍റെ വിടവിലൂടെ കുന്നിന്‍ ചെരുവിലേക്ക്‌ ദൃഷ്ടി പതിച്ച്‌ ഞാനവളുടെ സമാഗമം സ്വപ്നം കണ്ടിരുന്നു.

ഒരിക്കലും പിരിയാതിരിക്കനാണ് ഞങ്ങള്‍ ഒരിമിച്ചത്. പക്ഷേ ഇടക്കെപ്പോഴോ ഞാനറിയാതെ അവളുടെ കണ്ണില്‍
വിഷാദത്തിന്‍റെ അംശം തളം കെട്ടിനിന്നു. അവളുടെ മന്ദഹാസവും പൊട്ടിച്ചിരിയും നിലച്ചു. ഞങ്ങളുടെ പ്രണയത്തില്‍ നിശ്ശബ്ദത തളം കെട്ടിനിന്നു. എങ്കിലും വെറുതെ ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി അവള്‍ ചിരിക്കുമെന്ന പ്രതീക്ഷയില്‍.അപ്പോഴും അവളുടെ കണ്ണുകള്‍ക്ക്‌ എന്തെന്നില്ലാത്ത തിളക്കമായിരുന്നു.

മഴയും വേനലും എല്ലാം ഒന്നിനൊന്ന് വഴിമാറി ദിവസങ്ങള്‍ കടന്നുപോയി ഇന്ന് സെന്‍റ് ജോസഫില്‍ മ്ലാനത പരന്നിരിക്കുന്നു എല്ലാവരും അവരുടേതായ കൂടാരങ്ങളിലേക്ക് തിരിച്ചുപറക്കാന്‍ കാത്തിരിക്കുന്നു. അകെ കൂടിയുള്ള തിരക്കിനിടയിലേക്ക് തട്ടികളിക്കാനയെത്തിയ പുതിയ കൂട്ടുകാരായി ഒട്ടോഗ്രഫുകളും വിരഹ വേദനയില്‍ ഇത്തിരി മധുരം പുരട്ടാനായി ഓടിനടക്കുന്ന കൂട്ടുകാര്‍ക്കിടയിലും ഞാന്‍ അവളുടെ പുഞ്ചിരി
അനേഷിച്ചു.ഫലമുണ്ടായില്ല. ഇടക്കെപ്പോഴോ കൊഴിഞ്ഞു കിട്ടിയ ഒരു നിമിഷത്തില്‍ ഞാന്‍ അവളോട്‌ ചോദിച്ചു.
'ഇനിയും നിനക്ക് എന്നോടൊന്നും പറയാനില്ലേ ? 'പാലിക്കപ്പെടാത്ത വാക്കുകള്‍ മതിയോ ?'എന്ന മറുചോദ്യമായിരുന്നു ഉത്തരം അന്നേരം ആ കണ്ണുകളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന കണ്ണുനീരിനും നല്ല തിളക്കമുണ്ടായിരുന്നു.

കരയോട് ദേഷ്യപ്പെട്ട് ആര്‍ത്തിരമ്പി കടല്‍ഭിത്തിയില്‍ വന്നടിക്കുന്ന തിരയെ നോക്കി ദ്രവിച്ച കടല്‍ പാലത്തില്‍
തനിച്ചിരിക്കുബോഴും ഇടുങ്ങിയ സ്കൂള്‍ വരാന്തയിലൂടെ കാലില്‍ തടഞ്ഞ ഒരു വെള്ളാരംകല്ലിനെ തട്ടിത്തെറിപ്പിച്ച് നിശ്ശബ്ദനായി നടക്കുമ്പോഴും ഞാന്‍ ഓര്‍ക്കുന്നത് അവളുടെ വാക്കുകളാണ്. പ്രണയം ആകാശത്തിലെ മഴവില്ല് പോലെയാണ്. നിമിഷങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന ഒരു മഴവില്ല് .ഒരു പക്ഷേ അത് ശരിയായിരിക്കാം. പക്ഷേ എന്‍റെ പ്രണയം ആ മഴവില്ലിനും അപ്പുറത്തായിരുന്നില്ലേ.......